കൊച്ചി: പെണ്‍വാണിഭത്തിനായി വി.ഐ.പി. ക്‌ളബുകള്‍. ഫണ്‍ക്‌ളബുകള്‍ എന്ന അപരനാമത്തിലാണ് ഈ ക്‌ളബുകള്‍ അറിയപ്പെടുന്നത്. പരമ്പരാഗത രീതികള്‍ ഉപേക്ഷിച്ച് തികച്ചും ഹൈടെക് രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം.
പാര്‍ട്ടികള്‍, പിക്‌നിക്, ഗെറ്റ്ടുഗദറുകള്‍ എന്നിവ ഒരുക്കിക്കൊടുക്കുന്ന ഇവന്റ് കമ്പനികള്‍ എന്ന മട്ടിലാണ് ഇവയുടെ പ്രവര്‍ത്തനം.
ഇംഗ്‌ളീഷ് പത്രങ്ങളില്‍ മാത്രമെ ഇവയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളു. പരസ്യങ്ങളില്‍ കാണുന്ന നമ്പറുകളില്‍ വിളിക്കുന്നവരോട് മെമ്പര്‍ഷിപ്പിന്റെ കാര്യങ്ങളും മറ്റും സംസാരിക്കുന്നത് സ്ത്രീകളാണ്.
നൂതനമായ സങ്കേതങ്ങളാണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. അയ്യായിരം രൂപ മെമ്പര്‍ഷിപ്പ് ഫീ ആയും ഏഴുന്നൂറ്റമ്പത് രൂപ രജിസ്േ്രടഷന്‍ ഫീസായും നല്‍കണം. ഇത് അടക്കേണ്ടത് ഒരു പ്രമുഖ ഷെഡ്യുള്‍ഡ് ബാങ്കിലും ഒരു പുതുതലമുറ ബാങ്കിലും ക്‌ളബിനുള്ള അക്കൗണ്ടിലാണ്. അക്കൗണ്ടില്‍ പണം അടച്ച് കഴിഞ്ഞാല്‍ പിന്നെ അവര്‍ നിര്‍ദ്ദേശിക്കുന്ന ഫ്‌ളാറ്റുകളില്‍ ആവശ്യക്കാര്‍ എത്തിയാല്‍ മതിയാകും.
പലപ്പോഴും ആവശ്യക്കാര്‍ വിളിച്ചാല്‍ ഉടന്‍ ഫോണെടുക്കുകയില്ല. ഫോണ്‍ നമ്പര്‍ മനസിലായ ശേഷം ഇന്റെര്‍നെറ്റ് ഫോണ്‍ നമ്പറുകളില്‍ നിന്ന് ക്‌ളബിന്റ ആള്‍ക്കാര്‍ എന്ന് പറയുന്നവര്‍ ആവശ്യക്കാരെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇംഗ്‌ളീഷിലായിരിക്കും ഇവര്‍ ആശയവിനിമയം നടത്തുക.
ഭര്‍ത്താക്കന്‍മാര്‍ വിദേശത്തുള്ള സ്ത്രീകള്‍, വിധവകള്‍, കോളജ് വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ക്ക് ആണ്‍കൂട്ടുകള്‍ (കംപാനിയന്‍സ്) വേണം എന്ന് പറഞ്ഞാണ് ആവശ്യക്കാരെ ഇവര്‍ കണ്ടെത്തുന്നത്.
പണമടച്ച് ക്‌ളബില്‍ ചേര്‍ന്നാല്‍ സ്ത്രീകളെ സന്ദര്‍ശിക്കുന്നവര്‍ക്ക് അവര്‍ തന്നെ പണം നല്‍കുമെന്നും അതിന്റെ ഒരു നിശ്ചിത ശതമാനം ക്‌ളബിന് കൊടുത്താല്‍ മതിയെന്നും ഇവര്‍ വ്യാമോഹിപ്പിക്കുന്നു.
പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമായതിനെ തുടര്‍ന്നാണ് പുത്തന്‍ സങ്കേതങ്ങളുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.
പണം കൈമാറുന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നതുകൊണ്ട് പെട്ടെന്ന് പിടിക്കപ്പെടുകയില്ല. ഇത്തരം പെണ്‍വാണിഭ സംഘങ്ങള്‍ പലതും ബാംഗ്‌ളൂര്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ നഗരത്തില്‍നിന്ന് വിളിച്ച് പണമടയ്ക്കുമ്പോള്‍ അവര്‍ കേരളത്തിലുള്ള ഏജന്റുമാരോട് പെണ്‍കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക.
പലപ്പോഴും പെണ്‍വാണിഭ സംഘത്തിലെ സ്ത്രീകള്‍ക്കോ, ഇടപാടുകാര്‍ക്കോ ഇതിന് നേതൃത്വം കൊടുക്കുന്നവരെ അറിയാന്‍ കഴിയില്ല. ഇടനിലക്കാരുമായി മാത്രമെ ഇവര്‍ക്ക് ബന്ധപ്പെടാന്‍ കഴിയുകയുള്ളു.
ഡല്‍ഹിയിലും ബോംബൈയിലും ഇത്തരത്തിലുള്ള ക്‌ളബുകള്‍ നേരത്തെ തന്നെ വ്യാപകമായിരുന്നെങ്കിലും കേരളത്തില്‍ ഇതാദ്യമായാണ് ക്‌ളബുകള്‍ പ്രവര്‍ത്തിക്കുന്നതായി അറിയുന്നത്.